ഇത്തവണ കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമോ? -
തിരഞ്ഞെടുപ്പ് വിശകലനം 1 -
+സംശയ രോഗികൾ സംശയിക്കുമ്പോൾ +
ജയിക്കുമോയെന്ന് സംശയിക്കുന്ന കോൺഗ്രസുകാരുടെയും അനുഭാവികളുടെ എണ്ണം അധികമാണ്. ആത്മവിശ്വാസക്കുറവ് ഏറെയുണ്ട്. അവരെ ആ മാനസികനിലയിലേക്ക് എത്തിക്കുന്നതിൽ ബിജെപിയും സി പി എം ഉംമുതൽ സഖ്യകക്ഷികൾ വരെ മത്സരിക്കുകയാണ്. അവർക്ക് വേണ്ടി കോൺഗ്രസ് വിരുദ്ധത വാരി വിതറാൻ സാമൂഹിക മാധ്യമങ്ങൾ മുതൽ സ്ഥാപിത പരമ്പരാഗത മാധ്യമങ്ങൾ വരെ മത്സരിക്കുകയുമാണ്. എന്നാൽ ഈ പ്രചരണങ്ങളെ എതിർക്കാനും തകർക്കാനും പോരുന്ന ഒരു പ്രതികരണവും പ്രതിരോധവും കോൺഗ്രസ് പക്ഷത്ത് നിന്ന് ഉണ്ടാകുന്നുമില്ല. എന്തിനേറേ അത്തരമൊരു പ്രതിരോധം തീർക്കാൻ ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാൽ അതിലെ യുക്തിയില്ലായ്മ ചൂണ്ടിക്കാട്ടാനും ഗ്രൂപ്പും താൽപര്യവും നോക്കി പരസ്യമായി എതിർക്കാനും കോൺഗ്രസുകാർ തന്നെ രംഗത്ത് വന്നു കളയും. പിന്തുണ പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയകളിൽ ഒരു ലൈക്ക് പോലും നൽകില്ല. എവിടെ നോക്കിയാലും പരാതിയും പരിദേവനവും ആക്ഷേപവും കുറ്റപ്പെടുത്തലും മാത്രമാണ് ആകെയുള്ളത്. ആർക്കും ഒന്നുമങ്ങോട്ട് ശര്യാകുന്നില്ല എന്ന നിരാശ പലർക്കുമുണ്ട്. വല്ലവനും വിളമ്പുന്ന കള്ളങ്ങൾ കേട്ട് അവനവൻ്റെ രാഷ്ട്രീയ ബോധ്യങ്ങളെ സംശയിക്കുന്നവർ സൃഷ്ടിച്ച അന്തരീക്ഷത്തിലാണ് കോൺഗ്രസിലെ നേതാക്കളിൽ ചിലർ വരെ. യാഥാർത്ഥ്യം തിരയാൻ അവർ തയാറല്ല. അതിന് ശ്രമിക്കാറില്ല, പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചാൽ ശ്രദ്ധിക്കാൻ നിൽക്കില്ല, ശ്രദ്ധിച്ചാലും അംഗീകരിക്കാൻ തയാറാകില്ല. അംഗീകരിച്ചാലും പ്രചരിപ്പിക്കാനോ പിന്തുണയ്ക്കാനോ ശ്രമിക്കില്ല. ഇതാണ് കോൺഗ്രസ് നേരിടുന്ന ആദ്യ വെല്ലുവിളി. ഈ സംശയരോഗം സ്വന്തം കുടുംബത്തിൽ അവർ സ്വീകരിച്ചാൽ എന്താവും അവസ്ഥ എന്ന് ചിന്തിച്ചാൽ തീരുന്ന വിഷയ മേ കോൺഗ്രസിൽ ഉള്ളൂ..
+കണക്ക് ഇതാ ഇങ്ങനെ +
2019 ൽ നടന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി നേടിയത് 37.5 ശതമാനം വോട്ടാണ്. അതും ഇന്ത്യയിൽ ഏതെല്ലാം തരം രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വർഗ്ഗീയ കൂട്ടുകെട്ടുകളെയെല്ലാം കൃത്യമായി കൂടെ നിർത്തിയും ഇടയിലിട്ട് തന്ത്രങ്ങളൊരുക്കിയും അദാനി അംബാനിമാരേപോലെയുടെ സുതാര്യരഹിത സാമ്പത്തിക അധോലോകങ്ങളുടെ സഹായത്തോടെയും ആണ് ആ വോട്ട് നേടിയത്. ഒപ്പം സംശയത്തിൻ്റെ പിൻബലത്തിൻ ഇലക്ടോണിക് വോട്ടിങ് മെഷീനും രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഇലക്ഷൻ കമ്മീഷനും കൂടിയുണ്ട്. എന്നാൽ ഈ പ്രതിലോമ ഘട്ടത്തിൽ പോലും കോൺഗ്രസിന് 32 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലെ കാല് വാരൽ, പാർട്ടി വിട്ട് കൂറ് ബിജെപിക്ക് അടിയറ വയ്ക്കൽ, വോട്ട് ചെയ്യാതെ മാറി നിന്നവർ, വിമത പ്രവർത്തനം, സഖ്യകക്ഷികളുടെ പാലം വലിക്കൽ, സീറ്റ് വിഭജനത്തിലെ തർക്കങ്ങൾ, പ്രചാരണ പരാജയങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയെല്ലാം ഉണ്ടായിരുന്നു. പുറമേ, ഭരണങ്ങളുടേയോ, ഇലക്ഷൻ കമ്മീഷൻ്റെയോ വോട്ടിങ് മെഷീൻ്റെയോ സഹായമോ പിന്തുണയോ കോൺഗ്രസിന് ലഭിച്ചില്ല. മാധ്യമങ്ങൾ കേന്ദ്ര സർക്കാരിൻ്റെയും കറുത്ത വ്യാപാരികളുടെയും പണം വാങ്ങി ബിജെപി പക്ഷ പ്രചാരണത്തിലും കേരളത്തിൽ സിപിഎം പക്ഷ നിലപാടുകളെയും താലോലിക്കുകയും കോൺഗ്രസിൻ്റെ കഴുത്തിൽ കുരുക്കിട്ട് മുറുക്കി ശ്വാസം മുട്ടിക്കുകയും ചെയ്തിരുന്നു. സകല പ്രതിലോമശക്തികളും ഒന്നിച്ചണിനിരന്ന് ഒറ്റക്കെട്ടായി കോൺഗ്രസ് എന്ന വിശാല ജനാധിപത്യ പാർട്ടിയെ അക്രമിച്ചു. എന്നിട്ടും കോൺഗ്രസ് 32 ശതമാനം വോട്ട് നേടി!
+കോൺഗ്രസിന് വേണ്ടത് +
അപ്പോൾ കോൺഗ്രസിനുള്ളിൽ കാല് വാരാതെ, പാർട്ടിക്കുള്ളിലും മുന്നണിയിലും പാലം വലിക്കാതെ ഒരു നിമിഷം കോൺഗ്രസ് ഒന്നിച്ച് നിലയുറപ്പിച്ചാൽ വിജയം കോൺഗ്രസിനായിരിക്കും. ആ വിജയം നേടാൻ ഒരു രൂപ പോലും കറുത്ത പണത്തിൻ്റെ ആവശ്യമില്ല, ഒരു പെയ്ഡ് സോഷ്യൽ മീഡിയ ഹാൾഡിലിൻ്റെയും സൗകര്യം വേണ്ട, ഒരു എസ്റ്റാബ്ലിഷ്ഡ് മാധ്യമങ്ങളുടെയും പിന്തുണയും വേണ്ട. ഇവയെല്ലാം ഒന്നിച്ച് നിന്ന് ബിജെപിക്ക് വേണ്ടി പോരാടിയിട്ടും കോൺഗ്രസെന്ന കപ്പലിനെ വെറും 5 മില്ലീമീറ്റർ മാത്രം പിന്നിലാക്കാനേ സാധിച്ചുള്ളൂ എന്നിരിക്കെ കോൺഗ്രസിന് ജയിക്കാൻ കോൺഗ്രസ് എന്ന ആത്മബലം മാത്രം മതിയാകും എന്ന് വ്യക്തം. അതിനാൽ ചാഞ്ചാടി നിൽക്കുന്നവർ പുറത്തു പോകുക, ആത്മബലമില്ലാത്തവൻ വായടച്ചിരിക്കുക, സംശയുള്ളവർ നിശബ്ദരായിരിക്കുക, ആശങ്കയുള്ളവൻ ധൈര്യശാലികൾക്കായി വഴിമാറിക്കൊടുക്കുക. എതിരാളികളിൽ മേന്മകണ്ടെത്തുന്നവർ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കുക. കോൺഗ്രസ് വിജയിക്കും. ഇനി ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ കൃത്രിമം ഉണ്ടെന്ന് ബോധ്യമുണ്ടെങ്കിൽ നിലവിലുള്ള സാങ്കേതികത്തത്തെ അട്ടിമറിക്കാൻ കോൺഗ്രസും തയാറാകുക. ---
(തുടരും) ---
/ ഷിജിന സുരേഷ് /
Will Congress win the Lok Sabha elections this time?